മനുഷ്യ-വന്യജീവി സംഘര്‍ഷം: എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകള്‍ ആരംഭിച്ച് വനംവകുപ്പ്
മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ ചെറുക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനം വകുപ്പിന്റെ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. വന്യജീവി ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. സംസ്ഥാനത്തെ 36 വനം ഡിവിഷനുകള്‍ക്ക് കീഴിലാണ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റുകള്‍ ആരംഭിച്ചിരിക്കുന്നത്. മനുഷ്യ വന്യജീവി സംഘര്‍ഷത്തെ സ്റ്റേറ്റ് സ്‌പെസിഫിക് ഡിസാസ്റ്ററായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ഇത്തരമൊരു കണ്‍ട്രോള്‍ റൂം സംവിധാനം ഒരുങ്ങുന്നത്.
ഫോറസ്റ്റ് ഹെഡ് ക്വാട്ടേഴ്‌സുകളിലും എല്ലാ വനം ഡിവിഷനുകളിലും വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങള്‍ കൈമാറാനും പൊതുജനത്തിന് മുന്നറിയിപ്പ് നല്‍കാനും ഇതുവഴി സാധിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. പ്രദേശത്ത് വന്യജീവി സാന്നിധ്യം ഉണ്ടായാല്‍ ആളുകള്‍ക്ക് സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളിലും ഡിവിഷന്‍ തലത്തിലെ ഓപ്പറേഷന്‍ സെന്ററുകളിലും അറിയിക്കാനാകും.
ഏതെല്ലാം മേഖലകളില്‍ ഏതെല്ലാം വന്യജീവികളുടെ സാന്നിധ്യമാണുള്ളത്, ഏത് സീസണിലാണ് ഇവയുടെ സാന്നിധ്യം കൂടുതല്‍ ഉണ്ടാവുക തുടങ്ങി വനം വകുപ്പ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ജാഗ്രതാ സന്ദേശങ്ങള്‍ നല്‍കുക. ഏപ്രില്‍, മെയ് മാസങ്ങളിലെ വിവരങ്ങളാണ് ഇതിനുള്ള അടിസ്ഥാനമെന്നും വനംവകുപ്പ് വ്യക്തമാക്കി. എസ്എംഎസ് അലേര്‍ട്ടായാണ് പൊതുജനങ്ങളിലേക്ക് സന്ദേശങ്ങള്‍ കൈമാറുന്നത്.